ആരും അറിയില്ലെന്നു കരുതി പെൺകുട്ടികൾ ഇതൊന്നും ചെയ്യരുത് വൈറലായി അമ്മയുടെ കുറിപ്പ്

തിരിച്ചറിവാകുന്ന പ്രായത്തിൽത്തുടങ്ങി പെൺകുട്ടികൾ കേട്ടുതുടങ്ങുന്ന ചില അരുതുകളുണ്ട്. എന്നാൽ ഇവിടെയൊരു അമ്മ സമൂഹമാധ്യമങ്ങളിൽ സംസാരമാവുന്നതു തന്നെ അരുതുകളെക്കുറിച്ച് തന്റെ മകൾക്കെഴുതിയ കുറിപ്പിന്റെ പേരിലാണ്. തെറ്റിദ്ധരിക്കണ്ട നെഗറ്റീവായ രീതിയിലല്ല ഈ അമ്മ അരുതുകളെക്കുറിച്ചു പറയുന്നത്.

ഒരു പെൺകുട്ടി എങ്ങനെയായിരിക്കണം എന്നത് അക്കമിട്ടു നിരത്തിക്കൊണ്ട് ഈ അമ്മ പറയുന്നതിങ്ങനെ. ആൺ‍സുഹൃത്തുക്കൾ പെൺകുട്ടികളെ പുറത്തു കറങ്ങാൻ ക്ഷണിക്കും. താൽപര്യമില്ലെങ്കിൽ അതു തുറന്നു പറയുക. അല്ലാതെ എന്തുകൊണ്ട് കൂടെ ചെല്ലാൻ കഴിയില്ല എന്നൊന്നും വിശദീകരിക്കാൻ നിൽക്കണ്ട.

വിശക്കുന്നത് ആൾക്കൂട്ടത്തിനു മുൻപിൽ നിൽക്കുമ്പോഴാണെങ്കിൽപ്പോലും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിൽ മടിവിചാരിക്കേണ്ട കാര്യമില്ല. അവർക്കെന്തു തോന്നും എന്നൊന്നും ചിന്തിക്കാതെ നിനക്കിഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിക്കഴിക്കുക. പിസയാണു കഴിക്കാൻ തോന്നുന്നതെങ്കിൽ അതു തന്നെ കഴിക്കുക.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിന്റെ മുടി നീട്ടി വളർത്തരുത്. നിനക്കിഷ്ടമില്ലാത്ത വസ്ത്രം യാതൊരു കാരണവശാലും ധരിക്കരുത്. ആരും പുറത്തുകൊണ്ടുപോകാനില്ല എന്ന കാരണം പറഞ്ഞ് വീടിനുള്ളിൽ കുത്തിപ്പിടിച്ചിരിക്കരുത്. നിനക്കു പുറത്തു പോകണമെന്നു തോന്നിയാൽ തനിയെ പോകണം. അങ്ങനെ നിനക്കു സന്തോഷം തോന്നുന്ന കാര്യങ്ങൾ സ്വയം ചെയ്യണം. കരയണമെന്നു തോന്നിയാൽ ഒരിക്കലും കണ്ണീരടക്കി വയ്ക്കരുത്. കരയുന്നത് ദുർബലരുടെ ലക്ഷണമല്ല. നിന്റെ മനസ്സിൽ നിന്ന് വിഷമങ്ങളെ പുറത്തേക്കൊഴുക്കാനുള്ള വഴിയാണ് കരച്ചിൽ. കരച്ചിൽ മാനുഷീകമാണ് അതിനെ തടയരുത്.

ആരെങ്കിലും പറഞ്ഞിട്ട് നീ ചിരിക്കരുത്. നിന്റെ തമാശകളിൽ മതി മറന്നു ചിരിക്കാൻ മടിക്കരുത്. നോ പറയേണ്ടിടത്ത് ഒരിക്കലും യേസ് പറയരുത്. കാരണം ഇതു നിന്റെ ജീവിതമാണ്. നിന്റെ അഭിപ്രായങ്ങളെ ഒളിപ്പിച്ചു വയ്ക്കരുത്. ഉറച്ച ശബ്ദത്തിൽ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുക തന്നെ വേണം. നീ ആയിരിക്കുന്നതിൽ നീ ആരോടും ക്ഷമ പറയരുത്. ധൈര്യമുള്ള പക്വതയുള്ള സുന്ദരിയായ പെൺകുട്ടിയായി വളരണം.

ടോണി ഹാമർ എന്ന അമ്മയെ ബുദ്ധിമതിയായ അമ്മ എന്നാണ് സമൂഹമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. കാരണം പെൺകുട്ടികളുടെ ആത്മവിശ്വാസത്തിനു തടയിടുന്ന അരുതുകളെക്കുറിച്ചല്ല ഈ അമ്മയ്ക്കു പറയാനുണ്ടായിരുന്നത്. മറിച്ച് ആത്മവിശ്വാസത്തോടുകൂടിയും പക്വതയോടു കൂടിയും ജീവിതത്തെ സമീപിക്കാനുള്ള കാര്യങ്ങളാണ് നിത്യജീവിതത്തിലെ പല പല ഉദാഹരണങ്ങളിലൂടെ ഈ അമ്മ മകൾക്കു പറഞ്ഞുകൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *