ജീന്‍സും ടോപ്പുമണിഞ്ഞ് രാത്രി റോഡിലിറങ്ങുന്നത് കാമം തീര്‍ക്കാനെന്ന് വിചാരം.

തിരുവനന്തപുരം: സ്ത്രീകളുടെ രാത്രി സഞ്ചാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് വനിതാ മാഗസിനിലെ മാധ്യമപ്രവര്‍ത്തക രാഖി പാര്‍വതി. കഴിഞ്ഞദിവസം രാത്രി കൊച്ചി നഗരത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളാണ് രാഖി പങ്കുവയ്ക്കുന്നത്. സ്ത്രീ രാത്രി റോഡിലിറങ്ങുന്നത് കാമം തീര്‍ക്കാനാണെന്നാണ് ഒരു വിഭാഗം ആണുങ്ങള്‍ കരുതുന്നതെന്നും അമ്മയോട് പോലും കാമം തോന്നുന്ന അത്തരക്കാരെ ആണ്‍ എന്ന് വിളിക്കാന്‍ അറപ്പാണെന്നും രാഖി പറയുന്നു.

രാഖിയുടെ വാക്കുകള്‍ ഇങ്ങനെ:

ഈ കുറിപ്പ് എഴുതണോ വേണ്ടയോ എന്ന് ആലോചിച്ചാണ് തുടങ്ങുന്നത്. സുരക്ഷിതയായി രാത്രി വീട്ടിലെത്തിയ ഒരു പെണ്ണിന്റെ ആശ്വാസമാണ് ഇതെഴുതുമ്പോള്‍.

കോട്ടയത്തെ ഓഫീസില്‍ നിന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സമയം 7.50 ആയി. പനമ്പിള്ളി നഗറില്‍ ഒരു സുഹൃത്തിനെ കാണാമെന്ന് പകല്‍ തന്നെ മീറ്റിങ് ഫിക്‌സ് ചെയ്തതാ. സാധാരണ അസൗകര്യമുള്ളപ്പോള്‍ അറിയിക്കാറുള്ള സുഹൃത്തിന് ഇന്ന് കഴിഞ്ഞില്ല. ഫോണിലൂടെ സന്ദേശമെത്തുമ്പോള്‍ ഞാന്‍ ഊബര്‍ എടുത്തു പോയി. ഒപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്ന സമിതയും കൂടെയുണ്ട്. സമിത അഭിഭാഷകയാണ്, ലോ കോളേജ് അധ്യാപികയും. സ്മിതയെ സൗത്തില്‍ ഇറക്കാമെന്ന് വാക്കു പറഞ്ഞ് വിളിച്ചാണ് ഊബര്‍ എടുത്തിരുന്നത്. ഊബറില്‍ സ്ഥിരം യാത്ര ചെയ്യുന്ന എനിക്ക് ആദ്യമായാണ് ഒരു പെണ്‍ ഡ്രൈവറെ കിട്ടുന്നത്.

സ്മാര്‍ട്ട് ആയി പെരുമാറിയ ആ പെണ്‍കുട്ടിയോട് ഞാന്‍ സ്ത്രീ സുരക്ഷയെ കുറിച്ചും എറണാകുളം നഗരം തരുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ സംസാരിച്ചു. പനമ്പിള്ളി നഗറില്‍ എത്തുന്നതിന് മുന്‍പ് മീറ്റിങ്ങ് ക്യാന്‍സല്‍ ആയെന്നും തിരികെ വീട്ടിലേക്ക് ഒരുമിച്ച് പോകാമെന്നും ഓഫീസിലുള്ള ഭര്‍ത്താവിനെ അറിയിച്ചു. സൗത്തില്‍ സമിത ഇറങ്ങി. പിന്നീടുള്ള സംസാരം ഒരു മാധ്യമ പ്രവര്‍ത്തകയുടെ മിഃശല്യേ ആയിരുന്നു. കേരളത്തിലെ ഒരേ ഒരു ladyuber driver ഉമായി. പനമ്പിള്ളി നഗറിലെത്തിയ ഞങ്ങള്‍ ട്രിപ്പ് അവസാനിപ്പിച്ചു. ഉബര്‍ ഡ്രൈവറെ ചായ കുടിക്കാന്‍ വിളിച്ചപ്പോള്‍ വേണ്ട എന്നു പറഞ്ഞില്ല. രാവിലെ 5 മണിക്ക് തുടങ്ങിയ അവളുടെ തിരക്കേറിയ ഒരു ദിവസത്തില്‍ ആരും അവള്‍ക്ക് ഒരു ചായ ഓഫര്‍ ചെയ്യാനുണ്ടായിരുന്നില്ല എന്നാണവള്‍ പറഞ്ഞത്.

ചായ കുടിക്കുമ്പോള്‍ തന്നെ അവള്‍ക്ക് അടുത്ത ട്രിപ് വന്നു. നന്ദി പറഞ്ഞ് പിരിയുമ്പോള്‍ അവളുടെ നമ്പറും ഞാന്‍ വാങ്ങി. മാഡത്തിനെ മറക്കില്ല. എന്ന് പറഞ്ഞ് അവള്‍ പോയി. ഞാനും പുറത്തേക്കിറങ്ങി. ഭര്‍ത്താവ് വരുന്നത് വരെ ക്രോസ് വേഡില്‍ കയറി നല്ല ഏതെങ്കിലും പുസ്തകം വാങ്ങാം എന്നു കരുതി നടക്കുകയാണ് ഞാന്‍. സമയം ഏകദേശം 8.25 ആയി. പനമ്പിള്ളി നഗര്‍ എന്നത്തെയും പോലെ തിരക്കില്‍. നടന്നു നീങ്ങുന്ന എന്റെ നേര്‍ക്ക് ഒരു ബുള്ളറ്റ് പാഞ്ഞുവന്നു. പിന്നെ പെട്ടെന്നു സ്ലോ ചെയ്തു. ‘വരുന്നോ മോളേ’ എന്ന് ഞാന്‍ വ്യക്തമായി കേട്ടു . തിരിഞ്ഞു നോക്കുന്ന നേരത്തില്‍ പൊടിപറത്തി അത് പോയി. എനിക്ക് നിര്‍വികാരതയും സ്വതവേ ഉള്ള തന്റേടവും മാത്രമാണ് തോന്നിയത്. പിന്നെയും നടന്നു. മനോരമയ്ക്ക് എതിര്‍വശമാണ് ക്രോസ് വേഡ്. ക്രോസ് വേഡ് എത്തിയപ്പോള്‍ മറ്റൊരാള്‍, കക്ഷി സ്‌കൂട്ടറിലാണ് ‘കൂടെ വാ…. ടീ…. ‘എന്ന് അധികാരത്തോടെ വിളിക്കുന്നു. നമ്പര്‍ നോട്ട് ചെയ്യാന്‍ മൊബൈല്‍ ലോക്ക് മാറ്റുമ്പോള്‍ അയാളും സ്‌കൂട്ടറില്‍ പാഞ്ഞു പോയി. ഒരേ ദിവസം. അതും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ച് 15 മിനിട്ട് കഴിഞ്ഞ് 10 മിനിട്ടിന്റെ ഇടവേളയില്‍ നടന്നതാണിത്. ഭര്‍ത്താവ് വന്നത് വീണ്ടും 20 മിനിട്ട് കഴിഞ്ഞാണ് വന്നത്.

മനോരമയുടെ മുന്നില്‍ ക്രോസ് വേഡിനുള്ളില്‍ ഞാന്‍ സുരക്ഷിതയാണെന്നറിയാമായിരുന്നു. പക്ഷെ ഭര്‍ത്താവ് കൂട്ടിക്കൊണ്ട് പോകാനില്ലാത്ത തനിച്ച് രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ജീന്‍സും ടോപ്പുമണിഞ്ഞ് രാത്രി റോഡിലിറങ്ങിയാല്‍ കാമം തീര്‍ക്കാനാണെന്ന് കരുതുന്ന ഒരു വിഭാഗം ആണുങ്ങളെക്കുറിച്ചാണ്. നട്ടെല്ലില്ലാത്ത, അമ്മയോട് പോലും കാമം തോന്നുന്ന അത്തരക്കാരെ ‘ആണ് ‘എന്ന് പറയാന്‍ പോലും അറപ്പാണ് തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *