ടൂർ പോയപ്പോൾ ഹോട്ടലിൽ റൂം എടുത്തിരുന്നു. അവിടെയുള്ള തന്‍റെ ബാത്ത്റൂം ദൃശ്യങ്ങൾ.

രാവിലെ കുട്ടികളെ സ്കൂളിൽ അയച്ചിട്ട് പേപ്പർ തുറന്നപ്പോൾ ഇടയ്ക്ക് കാണാറുള്ള ന്യൂസ് തന്നെ. മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിന്റെ. അവൾ ഓർത്തു, എന്നാണ് പെൺകുട്ടികൾക്ക് ഇതിൽ നിന്നും ഒരു മോചനം, ആരെങ്കിലും ഒരാൾ ധൈര്യത്തോടെ ഇതെന്റെ തെറ്റ് കൊണ്ടല്ല നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോളു എന്ന് പറയുന്ന കാലം വരുമോ?

അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മൊബൈൽ റിങ് ചെയ്യുന്നത്, പരിചയമില്ലാത്ത നമ്പർ. അവൾ ഫോൺ എടുത്തു, മറ്റേ തലക്കൽ ഒരാണിന്റെ ശബ്ദം. ഒരു വീഡിയോ അയച്ചിട്ടുണ്ട്, അത് നോക്കൂ, അഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

അവൾ ആ വീഡിയോ എടുത്ത് നോക്കി, അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഈയിടയ്ക്ക് ടൂർ പോയപ്പോൾ ഹോട്ടലിൽ റൂം എടുത്തിരുന്നു. അവിടെയുള്ള തന്റെ ബാത്ത്റൂം ദൃശ്യങ്ങൾ. കൃത്യം അഞ്ചു മിനിറ്റ് കഴിഞ്ഞതും വീണ്ടും ഫോൺ റിങ് ചെയ്തു “കണ്ടല്ലോ, ഇത് ഇന്റർ നെറ്റിൽ വരേണ്ട എങ്കിൽ ഞാൻ പറയുന്ന സ്ഥലത്ത് വരണം, അല്ലെങ്കിൽ ഇത് ലോകം മുഴുവൻ കാണും”

“നിങ്ങൾക്കെന്താ വേണ്ടത്, ഞാൻ എവിടെ വരണം എന്നാണ് പറയുന്നത്, എന്റെ ജീവിതം നശിപ്പിക്കരുത്” ” എങ്കിൽ നാളെ സിറ്റിയിലുള്ള ഷോപ്പിംഗ് മാളിൽ വന്നാൽ മതി. നമുക്കവിടെ വച്ച് കാണാം, അതിബുദ്ധി കാണിച്ച് പോലീസിൽ അറിയിച്ചാൽ പിന്നെ ഉണ്ടാവുന്നത് എന്താണെന്ന് അറിയാമല്ലോ”

“ഞാൻ വരാം പക്ഷെ നിങ്ങളെ ഞാൻ എങ്ങനെ തിരിച്ചറിയും?” ” അതോർത്ത് വിഷമിക്കേണ്ട എനിക്ക് നിങ്ങളെ അറിയാം”…ഫോൺ കട്ടായി….

അവൾക്ക് ശരീരം മുഴുവൻ തളരുന്നത് പോലെ തോന്നി. എന്ത് ചെയ്യും, ആരോട് ഷെയർ ചെയ്യും? പോലീസിൽ അറിയിച്ചാലോ? അയാൾ അതുപോലെ ചെയ്‌താൽ? എന്റെ കുടുംബം, എന്റെ ജീവിതം എല്ലാം തകരുമല്ലോ? എന്തായാലും അവൾ പോകാൻ തന്നെ തീരുമാനിച്ചു. അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല,

സുധീഷ് ചോദിച്ചു “നിനക്കെന്തു പറ്റി, ഞാൻ വന്നത് മുതൽ ശ്രദ്ധിക്കുന്നതാ, വലിയ ആലോചനയിലാണല്ലോ? “ഏയ് ഒന്നുമില്ല, സുധീഷേട്ടന് വെറുതെ തോന്നുന്നതാ”എന്നും പറഞ്ഞ് അവൾ സന്തോഷം അഭിനയിച്ചു. നേരം വെളുത്തതും അവളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. യാന്ത്രികമായി ജോലിയൊക്കെ തീർത്ത് സുധീഷും കുട്ടികളും ഇറങ്ങിയതിനു പിന്നാലെ അവളും ഇറങ്ങി. കുറച്ചു ഷോപ്പിംഗ് ഉണ്ടെന്ന് നേരത്തെ സുധീഷിനോട് പറഞ്ഞിരുന്നു.

ഷോപ്പിംഗ് മാളിൽ എത്തിയതും അവൾക്ക് ടെൻഷൻ കാരണം കയ്യും കാലും വിറയ്ക്കാൻ തുടങ്ങി, ‘നന്ദനയല്ലേ’ പുറകിൽ നിന്നുള്ള ചോദ്യം കേട്ട് ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാരൻ, മാന്യമായ വസ്ത്രധാരണം,സുധീഷിന്റെ ഏതെങ്കിലും കൂട്ടുകാരനാണോ എന്ന് സംശയിച്ചു നിന്നപ്പോൾ അയാൾ പറഞ്ഞു “സംശയിക്കേണ്ട, ഞാനാ ഫോൺ ചെയ്തത്, നമുക്ക് ഇരുന്ന് സംസാരിക്കാം” ഞെട്ടൽ മാറാതെ അവൾ കോഫി ഷോപ്പിലേക്ക് അയാളുടെ കൂടെ ചെന്നു.

” നന്ദന, ഞാൻ നേരെ കാര്യത്തിലേക്ക് കടക്കാം, ഈ ക്ലിപ്പിംഗ്‌സ് ലോകം കാണേണ്ടെങ്കിൽ നിങ്ങൾ എന്നോട് സഹകരിക്കണം, എനിക്ക് പുതിയ ഒന്ന് രണ്ട് ബിസിനസ്സ് ശരിയായിട്ടുണ്ട്, അതിൽ ചില മാന്യവ്യക്തികൾക്ക് നിങ്ങളുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ ആഗ്രഹമുണ്ട്, ഞാൻ പറഞ്ഞു വരുന്നത് മനസ്സിലായല്ലോ, ഈ ക്ലിപ്പിംഗ്‌സ് എനിക്കെങ്ങനെ കിട്ടി എന്നോർത്തു ടെൻഷൻ അടിക്കേണ്ട, അത് വളരെ രഹസ്യമാണ്.. ഞാൻ പറഞ്ഞത് മനസിയിലായല്ലോ”

അവൾ പറഞ്ഞു ” മിസ്റ്റർ ക്യാഷ് എത്ര വേണമെങ്കിലും ഞാൻ തരാം. എന്നെ ഉപദ്രവിക്കരുത്, നിങ്ങൾ ആഗ്രഹിക്കുന്നതൊന്നും നടക്കില്ല, എനിക്കതിന് കഴിയില്ല, ദയവ് ചെയ്ത് ഉപദ്രവിക്കരുത്, ഇപ്പോൾ ഞാൻ വരാൻ തന്നെ കാരണം നിങ്ങളോട് നേരിട്ട് അപേക്ഷിക്കാനാണ്,

“ഹും…കാര്യത്തിന്റെ ഗൗരവം ഇനിയും നന്ദനക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. നാളെ രാവിലെ നിങ്ങളുടെ വീടിന്റെ മുറ്റത്ത് കൃത്യം 10 മണിക്ക് ഒരു കാർ വരും, അതിൽ ഞാൻ പറഞ്ഞ വ്യക്തികൾ കാണും, നന്ദന അവരുടെ കൂടെ പോകണം, ഇല്ലെങ്കിൽ….അയാൾ അതും പറഞ്ഞ് അവിടെനിന്നും പോയി.

അവൾ ആലോചിച്ചു, കാണാൻ എത്ര മാന്യൻ, അയാൾ പറഞ്ഞത് ഒരിക്കലും നടക്കാൻ പാടില്ല. എന്താണ് പോംവഴി, ഷോപ്പിംഗ് മാളിൽ നിന്നും ഇറങ്ങിയ അവൾ അടുത്തുള്ള അമ്പലത്തിൽ പോയി ദേവന് മുമ്പിൽ കണ്ണീരോടെ ഈ ആപത്സമയത്ത് എനിക്ക് നേർവഴി കാട്ടിത്തരണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു, ആ സമയം അവിടെ പ്രഭാഷണം നടക്കുന്നുണ്ടായിരുന്നു, വൃദ്ധനായ ഒരു സന്യാസിയാണ് പ്രഭാഷണംനടത്തുന്നത്. അവൾ ആ സ്ഥലത്തേക്ക് പോയി,

” പ്രശ്നങ്ങൾ വരാത്ത മനുഷ്യരില്ല, നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിങ്ങളുടെ മനഃസാക്ഷിക്ക് ഉറപ്പുണ്ടെങ്കിൽ യാതൊരു സാഹചര്യത്തിലും നിങ്ങൾ കുറ്റക്കാരാകില്ല, ആ സമയം ഈശ്വര ശക്തി നിങ്ങളോടൊപ്പം ഉണ്ടാകും” അവൾക്ക് ആ വാക്കുകൾ വല്ലാത്ത ഒരു ആത്മധൈര്യം നൽകി.

മനസ്സിലെ വേദനയെല്ലാം മാഞ്ഞുപോയത് പോലെ…..അവൾ വീട്ടിലെത്തി…..അന്ന് മുഴുവൻ വളരെ ഉന്മേഷവതിയായിരുന്നു… അടുത്ത ദിവസം രാവിലെ കാർ വന്നു, അവൾ പോയില്ല… കുറച്ചു നേരം കാത്തുനിന്നിട്ട് കാർ അകന്നുപോയി.

അപ്പോൾ ഫോൺ റിങ് ചെയ്തു “നീ ഞാൻ പറഞ്ഞത് അനുസരിച്ചില്ല അല്ലെ? ഇന്ന് ഇന്റർനെറ്റിൽ നിന്റെ ദൃശ്യങ്ങൾ വരും” അവൾ ഒരു നിമിഷം മൗനം പാലിച്ചു അതിനുശേഷം അവൾ അയാളോട് പറഞ്ഞു ” ആയിക്കോട്ടെ, നിങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യൂ, എന്റെ ഇഷ്ടപ്രകാരം എടുത്തതല്ല അതൊന്നും!” അങ്ങേതലക്കൽ നിശബ്ദത… അവൾ ഫോൺ കട്ട് ചെയ്തു…

സുധീഷ് വന്നപ്പോൾ എല്ലാ കാര്യവും പറഞ്ഞു ധരിപ്പിച്ചു, സുധീഷിന്റെ കണ്ണിലെ തിളക്കം കണ്ട് അവൾ ചോദിച്ചു ” ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ?”

“ഒരിക്കലുമില്ല, ഇത് തന്നെയാണ് ശരിയായ തീരുമാനം. ഞാൻ നിന്റെ കൂടെ ഉണ്ടാവും”…സുധീഷ് പറഞ്ഞു.

അടുത്ത ദിവസം തന്നെ അവൾ ഒരു പ്രസ് മീറ്റ് വിളിച്ചുകൂട്ടി… വന്നവരോട് അവൾ പറഞ്ഞു” ഞാൻ നന്ദന, സാധാരണ ഒരു വീട്ടമ്മയാണ്, എന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്നിരിക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി.

ഇത്രയും ദിവസം ഞാനും പത്രത്തിൽ വരുന്ന ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചു, ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചു എന്നുള്ള വാർത്തകളൊക്കെ വായിച്ച് വെറുതെ അഭിപ്രായം പറഞ്ഞു പോകുമായിരുന്നു.

പക്ഷെ സമാനമായ ഒരു സംഭവം ഇപ്പോൾ എന്റെ ജീവിതത്തിലും സംഭവിച്ചു, പക്ഷെ ഞാൻ ബ്ലാക്ക് മെയിലിംഗിന് വഴങ്ങിയില്ല…..എന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ഇടുമെന്നായിരുന്നു ഭീഷണി. ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് ഞാൻ സ്വയം ശക്തയായി.

എന്റെ അറിവോടെയോ സമ്മതത്തോടെയോ ഒന്നും തന്നെ നടന്നിട്ടില്ല, ഇതിൽ ഒരു അണു പോലും തെറ്റ് എന്റെ ഭാഗത്ത് ഇല്ല, എല്ലാവർക്കും ഉള്ളതുപോലെയുള്ള ശരീരം തന്നെയാണ് എനിക്കും ഉള്ളത്… ആ വീഡിയോ കാണുന്നവരാണ് നാണിക്കേണ്ടത്, ഞാനല്ല….

എനിക്ക് എന്റെ കുടുംബത്തിൽ നിന്നും വളരെ വലിയ സപ്പോർട്ട് ആണ് കിട്ടിയത്….

എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളത് ഇതാണ്….ഇതുപോലുള്ള ഭീഷണികൾക്ക് ഒരിക്കലും വഴങ്ങരുത്, കാരണം നമ്മുടെ ചാരിത്ര്യം നമ്മുടെ പ്രവൃത്തിയിലും മനസ്സിലുമാണ് ഉള്ളത്….അത് നശിക്കണമെങ്കിൽ നമ്മൾ സ്വയം വിചാരിച്ചാലേ പറ്റൂ…..

Leave a Reply

Your email address will not be published. Required fields are marked *