നിപ്പാ വൈറസ്: ഈ ആദ്യ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കുക, മിംസ് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം

കോഴിക്കോട്: നിപ്പാ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ കേരളം ഭീതിയിലാണ്. രോഗലക്ഷണങ്ങള്‍ നിസാരമാക്കിയതാണ് മരണത്തിലേക്കെത്തിച്ചത്. നിപ്പാ വൈറസ് മൂലം മരിച്ചവരുടെ എണ്ണം നാലായി. പതിനൊന്ന് പേരാണ് ഇതുവരെ മരിച്ചത്. ഇതില്‍ സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്ര ആരോഗ്യ സംഘം പറയുമ്പോള്‍ രോഗലക്ഷണങ്ങളെക്കുറിച്ച് മിംസ് ആശുപത്രി ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.

നിപ്പാ വൈറസ് ലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും ഡോ.വിഷ്ണു മോഹന്‍ ആണ് സംസാരിക്കുന്നത്. ഈ ആദ്യ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോയെന്ന് അറിഞ്ഞിരിക്കുക. നിപ്പാ വൈറസ് അന്തരീക്ഷത്തില്‍ നിന്നോ വായുവില്‍ നിന്നോ വെള്ളത്തില്‍ നിന്നോ പകരുന്ന രോഗമല്ലെന്നാണ് വിഷ്ണു പറയുന്നത്. പക്ഷി-മൃഗങ്ങളില്‍ നിന്നാണ് ഇതു പടരുന്നത്.

വവ്വാലുകളില്‍ നിന്ന്. വവ്വാലുകള്‍ കടിച്ച് ഉപേക്ഷിച്ച പഴങ്ങളില്‍ നിന്നോ വിസര്‍ജ്യങ്ങളില്‍നിന്നോ രോഗബാധിതരില്‍ നിന്നോ പടരാം. അഞ്ച് മുതല്‍ 14 ദിവസം വരെയുള്ള സമയത്തിനുള്ളിലാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍ കാണാന്‍ കഴിയുക. പനി, തലവേദന, തലകറക്കം, ക്ഷീണം, മയക്കം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും കാണാം. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി രണ്ടുദിവസത്തിനകം തന്നെ തലച്ചോറിനെയും ഹൃദയത്തിനേയും ബാധിക്കാനും മയോകാര്‍ഡൈറ്റിസ്, എന്‍സഫലൈറ്റിസ് എന്ന ഗുരുതരമായ അവസ്ഥയിലേക്ക് പോകാനും ഈ വൈറസ് കാരണമാകുന്നു.

ചെയ്ത മിക്ക മരണങ്ങളിലും മയോകാര്‍ഡൈറ്റിസ്, എന്‍സഫലൈറ്റിസുമാണ് മരണകാരണം. ആ വൈറസിനെ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും ഡോക്ടര്‍ വിവരിക്കുന്നുണ്ട്. വവ്വാലുകള്‍ അല്ലെങ്കില്‍ പക്ഷികള്‍ കഴിച്ച് ഉപേക്ഷിച്ച പഴങ്ങളും മറ്റും കഴിക്കാതിരിക്കുക. മാമ്പഴം, ചാമ്പക്ക, പേരക്ക, സപ്പോട്ട, ചക്ക എന്നിവയാണ് ഇപ്പോള്‍ നാട്ടില്‍ സുലഭമായി കാണുന്നത്.

വീണു കിടക്കുന്ന ഇവ കഴിക്കാതിരിക്കുക. മരത്തില്‍ നിന്നു പറിച്ചു കഴിക്കുന്നതും നന്നായി ചൂടുവെള്ളത്തില്‍ കഴുകി കഴിക്കുക. തുറന്ന കലത്തിലും ബക്കറ്റിലും മറ്റും പിടിക്കുന്ന വെള്ളം, കള്ള് എന്നിവ കുടിക്കാതിരിക്കുക. പനി ബാധിച്ചവരുമായി അടുത്തു ഇടപഴകുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നും പറയുന്നു.

രോഗിയുമായി അടുത്തിടപഴകിയാല്‍ കൈകളൊക്കെ ചൂടുവെള്ളത്തിലും സോപ്പിലും കഴുകി വൃത്തിയാക്കുക. രോഗികള്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും പ്രത്യേകം മാറ്റി വെക്കേണ്ടതാണ്.പനി ബാധിച്ചവര്‍ മൂക്കും വായും തുണി ഉപയോഗിച്ച് പൊത്തി ചുമക്കുക. അവധിക്കാലമായതില്‍ കുട്ടികളെ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. പനി ഉള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള ഡോക്ടറെ കണ്ട് ഏതുതരം പനിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *