പെണ്ണിന്റെ ഉടലാഴം എന്തെന്ന് അറിയുമോ നിങ്ങള്ക്ക് ഇല്ലേൽ വായിക്കാം !

കഥ : ഉടലാഴം

“നിനക്ക് നല്ല പോലെ ഒന്ന് കുളിച്ചൂടെ”

ശരീരം ചൂടുപിടിച്ച് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് രവിയുടെ ചോദ്യം ഗീതയെ ചൂഴ്ന്നിറങ്ങിയത്…
രവി കിടക്കയിൽ നിന്ന് എഴുന്നേറ്റ് കള്ളിമുണ്ട് കേറ്റിയുടുത്ത് ഒരു സിഗരറ്റിന് തീ കൊളുത്തി. ഇരുട്ടിൽ തീപ്പൊരി കണ്ണുചിമ്മികളിക്കുമ്പോൾ ഗീത ചൂട് മാറാത്ത ശരീരവും പേറി കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്നു.

നാണക്കേട് കൊണ്ട് ശരീരം തണുത്തുറയുന്നത് അവൾ അറിയാതിരുന്നില്ല… മുകളിൽ കടകട ശബ്ദമുണ്ടാക്കി കറങ്ങുന്ന ഉഷാഫാൻ അവളെ നോക്കി പരിഹസിച്ചു.ഇരുട്ടിൽ അവൾ ബാത്റൂമിനെ ലക്ഷ്യമാക്കി നടന്നു…

“മീൻ കറിയില്ലെങ്കിൽ ചോറിറങ്ങില്ല,എന്നിട്ടിപ്പോൾ എന്നെ മീൻ നാറുന്നെന്ന്” ആരോടെന്നില്ലാതെ അവൾ പിറുപിറുത്തു.
ചന്ദ്രികസോപ്പ് പതഞ്ഞൊഴുകുന്നുണ്ട്, മുറിയിലേക്ക് എത്തിയപ്പോൾ രവി കിടന്നിട്ടുണ്ട്.ഗീത ഒന്നും മിണ്ടാതെ നിശ്ശബ്ദയായ് കട്ടിലിൽ വന്ന് കിടന്നു….

തലയണമന്ത്രം എന്ന് കേട്ടിട്ടില്ലേ?
ഗീതയുടെ കണ്ണീര് ഒപ്പിയെടുത്ത് വലിയൊരു കടലായിമാറിയ തലയണയുണ്ട്…
അവൾ ഒറ്റയ്ക്കാവുന്ന രാത്രികളിൽ അവളുടെ ചെവികളിൽ മന്ത്രം ചൊല്ലികൊടുക്കുന്നൊരു തലയണ!
ഗീത തലയണയെ ചേർത്ത്പിടിച്ചു കിടന്നു…

പ്രണയത്തിന് പ്രായമുണ്ടോ?അറിയില്ല…
ശരീരം കൊതിക്കുമ്പോൾ ഒരു ചുംബനം എങ്കിലും ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ?
ഒരു കുട്ടിയുടെ അമ്മയായാൽ ഇഷ്ടങ്ങളെ ബലി കൊടുക്കണം എന്നാണോ?
ഇങ്ങനെ ഗീതയ്ക്ക് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.
ഉത്തരം കണ്ടുപിടിക്കാൻ അവൾക്ക് നേരമില്ല എന്നതാണ് സത്യം!

ഗീതാജനാർദ്ധനൻ,ഗീതാരവി ആയത് എത്ര പെട്ടന്നാണ്,അതിലും വേഗം ഒരമ്മയായ് മാറി…വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷങ്ങൾ പിന്നിടുമ്പോൾ തനിക്ക് നഷ്ടമായത് എന്തൊക്കെയാണ്?
അവൾ ഓർത്തുനോക്കി…
ഒരു ചെറിയ വരുമാനം ഉണ്ടായിരുന്നു.ഗർഭിണിയായത് കൊണ്ട് അപ്പണി നിർത്തി,അല്ല നിർത്തിച്ചു…അങ്ങനെ എന്തെല്ലാം!
എന്തെല്ലാം ഞാൻ നേടി…?
അവളുടെ ചുണ്ടുകളിൽ പരിഹാസത്തിന്റെ പൂവുകൾ വിരിഞ്ഞു.
ഒരമ്മയായ് മാറിയില്ലേ…
രവിയെ പോലെ സദ്ഗുണ സമ്പന്നനായ ഒരു ഭർത്താവിനെ കിട്ടിയില്ലേ…?
രവിയുടെ ഭാര്യ!

എത്ര ചുരുങ്ങിപ്പോകുന്നു എന്റെ ഉടൽ!
ടേബിളിലെ എച്ചിൽ തുടച്ചുമാറ്റുമ്പോഴാണ് അത് ശ്രദ്ധിച്ചത്…
ടേബിളിൽ അലസമായ് കിടക്കുന്ന ഒരു വാരിക!
മുഖചിത്രമായ്‌ ഒരു പെണ്ണിന്റെ മുഖമാണ്.
കണ്ണുകളിൽ നിറയെ പ്രകാശമുള്ള,കോലൻ മുടിയുള്ളൊരു പെണ്ണ്…
അറിയാം എനിക്കവളെ…
ഗീത ഓർക്കാൻ ശ്രമിച്ചു.
ആഹ്,കൽപന ചൗള!!!
കല്പനയ്ക്ക് തന്റെ കൂടെ പഠിച്ച രോഹിണിയുടെ ഛായ ഉണ്ടോ?
എന്റെ തോന്നലാകാം…

കുനിഞ്ഞിരുന്ന് നിലം തുടയ്ക്കുമ്പോഴും മനസ്സിൽ ചോദ്യങ്ങൾ ചൂഴ്ന്ന് നിൽക്കുന്നു.
കൽപ്പനാ ചൗള വിവാഹം കഴിച്ചിട്ടുണ്ടാകുമോ?
ഉണ്ടാകില്ല.അവളൊരു ഭാര്യ ആയിരുന്നെങ്കിൽ ഒരിക്കലും ആകാശങ്ങൾ സ്വപ്നം കാണില്ലായിരുന്നു.ഒരടുക്കളയിൽ എന്നെ പോലെ കരിപിടിച്ച് കിടന്നേനെ…
ഗീതയ്ക്ക് ചിരിക്കാൻ തോന്നി,
പ്രകാശം വറ്റിയ കണ്ണുകളുള്ള കല്പനയായ് അവൾ ഈ വാരികയിൽ തെളിയില്ലായിരുന്നു..
എവിടെയും ഇടം നേടാതെ,ആരും അറിയാതെ കടന്നുപോയേനെ…

അഡ്ജസ്റ്റമെന്റിന്റെ പുസ്തകത്താളുകൾ പുറകിലോട്ട് മറച്ച് അയവിറക്കിയിരിക്കാൻ നേരമില്ല.
ഗീത ഇപ്പോൾ ജീവിക്കുന്നത് ടിവി സീരിയലുകളിലൂടെയും,മ വാരികകളിലൂടെയുമാണ്…

രവി അവസാനമായി സംസാരിച്ചത് എന്നാണ്?
അവസാനമായി ചിരിച്ചത് എന്നാണ്?
ഞാൻ അവസാനമായി ചിരിച്ചത് എന്നാണ്?
ഒന്നും ഓർമയില്ല…
ആഹ്…മ്…എഹ്… ഓഹ്….തുടങ്ങി മുക്കലുകളിലും മൂളലുകളിലും അവസാനിക്കുന്ന ദിവസങ്ങൾ…

ഒരാണായിരുന്നെങ്കിൽ എന്ന് ഗീത പലപ്പോഴും ആഗ്രഹിക്കാറുണ്ട്.
ഉത്തരങ്ങൾ പറയേണ്ടാത്ത, രാത്രിയും പകലും സ്വന്തമായിട്ടുള്ള അവരുടെ ലോകം എത്ര സുന്ദരമായിരിക്കും?

രവി ഓഫീസിൽ പോകുന്ന നേരങ്ങളിൽ അവൾ ഷെൽഫിൽ നിന്ന് പഴയ ഷർട്ടുകൾ ഇട്ടുനോക്കും.പിന്നെ കാലുമ്മേൽ കാലും കേറ്റി വെച്ച് ഒരിരിപ്പാണ്.
നെഞ്ചും വിരിച്ച് ഹാളിലൂടെ അൽപ്പസമയം നടക്കും…
അവളുടെ കഴുത്തിലെ തിളങ്ങുന്ന ചരട് അപ്പോൾ വിയർപ്പിലൊട്ടി ചൂളിനിൽക്കും…

അമ്മേ,ഇന്ന് അമ്മ എന്റെ കൂടെ കിടക്കുമോ?
മോന്റെ ചോദ്യം കേട്ടപ്പോൾ മനസ്സിൽ ചെറിയൊരു സന്തോഷം!
“ഞാൻ ഇന്ന് അപ്പൂന്റെ കൂടെയാണ് ട്ടൊ”
രവി കമ്പ്യൂട്ടർസ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ നീട്ടി മൂളി…
മ്മ് ഹാ…!
അതിന്റെ അർത്ഥം എന്താണോ ആവോ?
കുറച്ചുനേരം രവിയെ തുറിച്ചുനോക്കികൊണ്ടവൾ മകന്റെ അടുത്ത് പോയ്‌ കിടന്നു..
അവന്റെ നെറ്റിയിൽ ചെറുതായൊന്ന് മുത്തി…മനസ്സിൽ അമ്മത്തം.

മയങ്ങിത്തുടങ്ങിയതാണ്…കൈത്തണ്ടയിൽ ഒരു കൈ അമരുന്നത്പോലെ!
ശരീരം കോരിത്തരിച്ചു പോയി.
ഉണങ്ങിപ്പോയ കമ്പുകൾ അങ്ങനെയാണ്,പെട്ടന്ന് തീ പിടിക്കും.
ഞെട്ടലോടെ എഴുന്നേറ്റ് നോക്കുമ്പോൾ മുൻപിൽ രവി!

“മോൻ ഉറങ്ങിയില്ലേ,വാ അവിടെ കിടക്കാം”വളരെ പതിഞ്ഞ ശബ്ദത്തിൽ രവി പറഞ്ഞു.
കമ്പ്യൂട്ടർ സ്ക്രീനിൽ തുണിയില്ലാതെ രണ്ടുടലുകൾ കെട്ടിപ്പുണരുന്നു.

രവി ബലമായി ഗീതയെ ചേർത്തുപിടിച്ച് ചുംബിച്ചു.
വഴുതിമാറിക്കൊണ്ട് അവൾ പറഞ്ഞു
“നിങ്ങളെ വിയർപ്പ് നാറുന്നു”

അയാൾ അത് വകവെയ്ക്കാതെ അവളെ ബലമായ് കീഴ്‌പ്പെടുത്തി.
രതിമൂർഛയിലേക്ക് കടക്കുമ്പോൾ കണ്ണുകൾ അടച്ച് അയാൾ എന്തൊക്കെയോ ഉരുവിടുന്നുണ്ടായിരുന്നു…
വേദന കൊണ്ട് അകം പൊള്ളുമ്പോൾ അത് വ്യക്തമായി കേൾക്കാൻ അവൾക്ക് സാധിച്ചില്ല…വിയർത്തൊലിച്ച് അയാൾ മാറിക്കിടന്നു!
ചൂട് മാറാത്ത ശരീരവുമായ് അവൾ അപ്പോഴും തലയണയെ കെട്ടിപ്പിടിച്ചുകിടന്നു…

ദൂരെ എവിടെയോ നിന്ന് ഒരു പട്ടി നിർത്താതെ ഓലിയിടുന്നുണ്ട്.ഗീതയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…
രവിയുടെ നിർത്താതെയുള്ള കൂർക്കംവലിയിൽ അവളുടെ ഞെരങ്ങൽ ശബ്ദം ഊളിയിട്ടു,തലയണയെ കെട്ടിപ്പിടിച്ച് അവൾ അൽപ്പനേരം കൂടികിടന്നു….
ആകാശം അപ്പോഴും നടുവിരലുകൊണ്ട് നിലാവ് ചുരക്കുകയായിരുന്നു…..
Note.ഇന്ത്യൻ നിയമ പ്രകാരം Maritalrape നെ ഒരു കുറ്റകൃത്യമായ്‌ കണക്കാക്കുന്നതേയില്ല.വിവാഹശേഷം ഭാര്യ ഭർത്താവിന്റെ ഉടമസ്ഥതയിൽ ചാർത്തി നൽകപ്പെട്ട ഒരുടലായ് ചുരുങ്ങുന്നു.ഇത് യാഥാർത്ഥ്യം!

Leave a Reply

Your email address will not be published. Required fields are marked *