മുടി വളരാൻ നാട്ടുമ്പുറത്തുകാർ ഉപയോഗിക്കുന്ന ഒരേ ഒരു ഒറ്റമൂലി കാണുക

എന്തൊക്കെ പരീക്ഷിച്ചു നോക്കി. പഴ്‌സ് കാലിയാകുന്നതല്ലാതെ മുടി വളരുന്നേയില്ല. അഴകുള്ള മുടി സ്വപ്നം കാണുന്ന സ്ത്രീകളുടെ പരാതിയാണിത്. സാധാരണയായി, വര്‍ഷത്തില്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെയാണു മുടി വളരുക. എന്നാല്‍ പാരമ്പര്യം, മുടിയുടെ ഘടന, ആരോഗ്യം എന്നിവയെ ആശ്രയിച്ചു മുടിയുടെ വളര്‍ച്ചാതോത് വ്യത്യാസപ്പെടും. ഏതു തരം മുടിക്കും ഏറ്റവും പ്രധാനമായി വേണ്ടതു മൂന്നു കാര്യങ്ങളാണ്. രോഗമില്ലാത്ത അവസ്ഥ, പോഷകങ്ങള്‍, ആവശ്യമായ പരിചരണം. ഇവ ചേര്‍ന്നാല്‍ അഴകും ആരോഗ്യവും തിളങ്ങുന്ന മുടി സ്വന്തമാക്കാം. മുടിയുടെ വളര്‍ച്ച കൂട്ടാന്‍ പ്രകൃതിദത്തമായ കൂട്ടുകള്‍ ഉപയോഗിച്ചുള്ള മരുന്നുകളും എണ്ണകളും സഹായിക്കും. അഴകുള്ള മുടിക്കു പ്രകൃതിയില്‍ നിന്നു തന്നെയുള്ള കൂട്ടുകള്‍ ഇതാ.

ആരോഗ്യവും അഴകുമുള്ള മുടിക്ക്
1.ഇരുമ്പ് ചീനച്ചട്ടിയില്‍ അമ്പതു ഗ്രാം ഉണക്ക നെല്ലിക്ക വേവിച്ചു കുഴമ്പു പരുവത്തിലാക്കി വയ്ക്കുക. പിറ്റേദിവസം ഇത് അരച്ചെടുത്തു തലയില്‍ പൊതിയണം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. ഇതു മുടികൊഴിച്ചില്‍ അകറ്റാനും മുടി കറുക്കാനും സഹായിക്കും.
2. ഒരു പിടി നെല്ലിക്ക ഒരു കപ്പ് തൈരില്‍ കുതിര്‍ത്തു വയ്ക്കുക. ഇത് പിറ്റേദിവസം അരച്ചു ശിരോചര്‍മത്തിലും മുടിയിലും പുരട്ടി അരമണിക്കൂറിനുശേഷം കുളിക്കുക. താരന്‍ അകലാനും നര മാറാനും ഉത്തമം.
3.നെല്ലിക്ക, രാമച്ചം എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു തല കഴുകുക. ഇതു മുടിയുടെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
4. ഒരു വലിയ സ്പൂണ്‍ മൈലാഞ്ചി ഉണക്കിപ്പൊടിച്ചതില്‍ അര ചെറിയ സ്പൂണ്‍ തേങ്ങാവെള്ളം ചാലിച്ച് തലയില്‍ പുരട്ടുന്നതു മുടിക്കു നിറം നല്‍കാന്‍ നല്ലതാണ്.

5.കീഴാര്‍നെല്ലി ചതച്ചതിന്റെ നീര് (ഒരു വലിയ സ്പൂണ്‍) തലയില്‍ പുരട്ടി മസാജ് ചെയ്യുക. മുടി കൊഴിച്ചില്‍ മാറും.
6. ഒരു കപ്പ് വെള്ളത്തില്‍ തേയില ചേര്‍ത്തു തിളപ്പിക്കുക. ആറുമ്പോള്‍ കോഴിമുട്ടയുടെ വെള്ള രണ്ട് വലിയ സ്പൂണ്‍ ചേര്‍ത്തു ശിരോചര്‍മത്തിലും മുടിയിലും പുരട്ടുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ അകാലനര ഒഴിവാക്കാം.
7.നാല് വലിയ സ്പൂണ്‍ ഉലുവ കുതിര്‍ത്ത് അരച്ചതില്‍ മൂന്ന് വലിയ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്തു തലയില്‍ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. താരന്‍ അകലും.

മുടി വളരാന്‍ എണ്ണകള്‍
1. കയ്യോന്നിയില ഇടിച്ചു പിഴിഞ്ഞ നീര് അമ്പതു മില്ലി ലീറ്റര്‍ എടുക്കുക. ഇതു നാലിരട്ടി വെളിച്ചെണ്ണയില്‍ ചേര്‍ത്തു കാച്ചിയത് അരിച്ചെടുത്തു ദിവസേന തലയില്‍ പുരട്ടുക. മുടി കൊഴിച്ചില്‍ അകലും. മുടി തഴച്ചു വളരും.
2.കറിവേപ്പില, ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവിന്റെ ഇതള്‍ ഇവ നാലിരട്ടി എണ്ണയില്‍ ഇട്ടു കാച്ചിയെടുക്കുക. ഇതു ദിവസേന തലയില്‍ പുരട്ടണം.
3.കറ്റാര്‍വാഴയുടെ ഉള്ളിലെ നീരെടുത്ത് നാലിരട്ടി എണ്ണയില്‍ കാച്ചുക. ഇതു ദിവസവും തലയില്‍ തേച്ചു കുളിക്കുക.
4.തുളസിയില നാലിരട്ടി എണ്ണയില്‍ കാച്ചിയെടുക്കുക. ഇതു ദിവസവും മുടിയില്‍ തേച്ചു പിടിപ്പിക്കുന്നതു മുടി വളരാനും ജലദോഷം പ്രതിരോധിക്കാനും സഹായിക്കും.
5.നൂറ് ഗ്രാം ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം അര ലീറ്റര്‍ എണ്ണയില്‍ കാച്ചുക. മുടി കൊഴിച്ചില്‍ നില്‍ക്കാന്‍ ഉത്തമമാണ്.
6.മൈലാഞ്ചി, കയ്യോന്നി, ചിറ്റമൃത് ഇവ സമമെടുത്ത് ഉണക്കിപ്പൊടിക്കുക. നാലിരട്ടി വെളിച്ചെണ്ണയില്‍ ഈ പൊടിക്കൂട്ട് ചേര്‍ത്തു കാച്ചുക. മുടികൊഴിച്ചില്‍ അകലാനും മുടി കറുക്കാനും ഉത്തമം.
7. അഞ്ച് ഇതളുള്ള ചെമ്പരത്തി നാലിരട്ടി എണ്ണയില്‍ കാച്ചി ഉപയോഗിക്കുക. മുടി നന്നായി വളരും.

മുടിക്കും വേണം പോഷകം
പോഷകങ്ങളുടെ അഭാവം മുടിയുടെ വളര്‍ച്ചയെയും ഘടനയെയും ബാധിക്കും. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നതു മുടി വളരാനും മുടി കൊഴിച്ചില്‍ അകറ്റാനും സഹായിക്കും.
1.നെല്ലിക്കാ ജ്യൂസ് അല്‍പം പഞ്ചസാര ചേര്‍ത്തു കഴിക്കുന്നതു മുടിയുടെ വളര്‍ച്ചയെ സഹായിക്കും.
2.ദിവസവും ഒരു വലിയ സ്പൂണ്‍ എള്ള് കഴിക്കുക. എള്ള് അല്‍പം ശര്‍ക്കര ചേര്‍ത്തോ വീട്ടില്‍ത്തന്നെ എള്ളുണ്ടയുണ്ടാക്കിയോ കഴിക്കാം.
3.മുപ്പത് മില്ലി ലീറ്റര്‍ കറ്റാര്‍വാഴയുടെ നീരില്‍ തൊണ്ണൂറ് മില്ലി ലീറ്റര്‍ വെള്ളം ചേര്‍ത്തു കുടിക്കുക.
4. ചെറുപയര്‍ മുളപ്പിച്ചോ അല്ലാതെയോ വേവിച്ചത്, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയില്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ സാലഡാക്കി കഴിക്കുന്നത് ഉത്തമമാണ്.
5. അനീമിയ ഉള്ളവരില്‍ മുടി കൊഴിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതലായി കഴിക്കണം. ഈന്തപ്പഴം, ബദാം, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ഇവയിലേതെങ്കിലും ദിവസവും ഒരു പിടി നിറയെ പതിവായി കഴിച്ചാല്‍ മുടിയഴക് വര്‍ധിക്കും.

6. പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. കാരറ്റ്, വെള്ളരി, തക്കാളി തുടങ്ങിയവ ഏറെ ഉത്തമമാണ്. പാലക് ചീര, കാബേജ്, തഴുതാമ, മുരിങ്ങയില തുടങ്ങിയ ഇലക്കറികളെല്ലാം ഗുണം ചെയ്യും. മാതരളനാരങ്ങ, ആപ്പിള്‍, വാഴപ്പഴം തുടങ്ങിയ പഴങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പാല്‍, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവയും ഭക്ഷണത്തിലുള്‍പ്പെടുത്തുക.
7. കയ്യോന്നിയില അരച്ചു ജ്യൂസാക്കി ദിവസേന പതിനഞ്ചു ഗ്രാം വീതം കുടിക്കുക. ഇതു മുടി വളരാന്‍ സഹായിക്കും.
8. ച്യവനപ്രാശം, നരസിംഹരസായനം എന്നിവ ദിവസം ഒരു വലിയ സ്പൂണ്‍ വീതം കഴിക്കുക. ഇത് മുടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
9.എരിവ്, പുളി, മസാല ഇവ പരമാവധി കുറയ്ക്കുക. പുളിയുള്ള ആഹാരപദാര്‍ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് മുടി ചെമ്പിക്കാന്‍ കാരണമാകും.

നല്‍കാം പരിചരണം
1. മുടിയില്‍ എണ്ണ തേച്ചു മസാജ് ചെയ്യുന്നതു മുടിക്കു നല്ലതാണ്. അറ്റം പിളരുന്നതു തടയാന്‍ വരണ്ട മുടിയുള്ളവര്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും തലയില്‍ നന്നായി എണ്ണ തേച്ചു പിടിപ്പിക്കണം.
2.എണ്ണ തേച്ച് അര മണിക്കൂറോ രണ്ട് മണിക്കൂറോ ഇരിക്കേണ്ടതില്ല. പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുന്നതാണു നല്ലത്. എണ്ണ തേച്ചു കഴിഞ്ഞു ശരീരം ചൂടാവരുത്. എണ്ണ തേച്ചു ജോലികള്‍ ചെയ്യുകയോ ശരീരം വിയര്‍ക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്താല്‍ തല ചൂടാവും. ഇതു മുടി കൊഴിയാന്‍ ഇടയാക്കും. എണ്ണമെഴുക്ക് കളയാന്‍ പയറുപൊടിയോ കടലമാവോ താളിയോ ഉപയോഗിക്കാം. കുറഞ്ഞ അളവിലാണ് എണ്ണ തേക്കുന്നതെങ്കില്‍ വെറുതെ കഴുകി വൃത്തിയാക്കിയാല്‍ മാത്രം മതിയാകും.
3.ദിവസവും ഷാംപൂവോ താളിയോ പുരട്ടുന്നതു മുടിക്കു നല്ലതല്ല. ആഴ്ചയിലൊരിക്കല്‍ മൈല്‍ഡ് ഷാംപൂവോ താളിയോ തേച്ചു കുളിക്കണം. ഇതു ശിരോചര്‍മത്തിലെ അഴക്കും പൊടിയും അകലാന്‍ സഹായിക്കും. കടലമാവ് തേങ്ങാപ്പാലില്‍ ചേര്‍ത്തു തല കഴുകുന്നതു മുടി വൃത്തിയാകാന്‍ നല്ലതാണ്.
4.ചൂടുവെള്ളത്തില്‍ കുളിക്കുന്നതു മുടി കൊഴിയാന്‍ ഇടയാക്കും. ചൂടാറിയ ശേഷം കുളിക്കുന്നതാണ് ഉത്തമം.

മഴക്കാല സംരക്ഷണം
1. തലമുടി ഈറനോടെ വയ്ക്കുന്നത് ഒഴിവാക്കണം. മഴക്കാലത്തു ദിവസവും തല കുളിക്കണമെന്നില്ല. രണ്ടുദിവസത്തിലൊരിക്കല്‍ കുളിച്ചാലും മതി.
2.ഒരു വലിയ സ്പൂണ്‍ ത്രിഫല ചൂര്‍ണമിട്ട് വെള്ളം തിളപ്പിച്ച് ആവി കൊണ്ടാല്‍ മുടിയിലെ കായ അകലും.
3. നെല്ലിക്ക നീര്, നാരങ്ങാനീര് എന്നിവ രണ്ടു സ്പൂണ്‍ വീതമെടുത്ത് ശിരോചര്‍മത്തില്‍ പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞാല്‍ ഇളംചൂട് വെള്ളത്തില്‍ കഴുകുക

Leave a Reply

Your email address will not be published. Required fields are marked *