രാത്രിയെനിക്ക് വിളിക്കരുത് ,ഞാൻ വേറൊരാളുടെ ഭാര്യയാവാൻ പോവുകയാണ്

=രാത്രിയെനിക്ക് ഇനി വിളിക്കരുത് ,ഞാൻ വേറൊരാളുടെ ഭാര്യയാവാൻ പോവുകയാണ് .=

എന്റെ തെറ്റ് .എന്റെ പിഴ , മനസ്സ് ഒരായിരംവട്ടം വിളിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു . കണ്ണുകൾ എന്നോട് വെറുപ്പ് കാണിക്കുന്നു .അല്ലെങ്കിൽ എന്തുകൊണ്ട് അവക്ക് രാത്രിയുടെ സുന്ദര യാമങ്ങളിലേക്ക് ഒരു സ്വസ്ഥ നിദ്രയിലേക്ക് എന്നെ കൊണ്ട് പോയിക്കൂടാ .

എനിക്കിപ്പോഴും ആ മനസ്സിൽ എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടെന്ന എന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കുന്ന രീതിയിലുള്ള ആ മറുപടി ആയുസ്സുള്ള കാലത്തോളം എനിക്കൊരു വിങ്ങലായി മാറും തീർച്ച . ചെയ്തത് തെറ്റ് തന്നയാണ് ഒരു അന്യ പെൺകുട്ടിക്ക് ആ നേരത്തു വിളിക്കാൻ പാടില്ലായിരുന്നു , നീ എപ്പോഴാണ് എനിക്ക് അന്യയായത് എന്നറിയാൻ എനിക്ക് കഴിഞ്ഞില്ലാലോ പെണ്ണെ …

ചെവിയിൽ ഉമ്പായിയുടെ ഗസലുകൾ വിരഹത്തിന്റെ വേദന കുത്തിനിറക്കുന്നുണ്ട്, വേദനിക്കട്ടെ വേദന എനിക്ക് എന്നും ഒരു മരവിപ്പ് മാത്രമാണ് ..

ഒരുമിച്ചു ഉള്ള നാളുകളെ പറ്റിയുള്ള സ്വപ്ങ്ങൾ അവൾ പങ്കുവെച്ചപ്പോ ഞാൻ കേട്ട് നിന്നിരുന്നു . അറിഞ്ഞോ അറിയാതെയോ മനസ്സിലിത്തിരി ആശയുടെ വിത്തുകൾ ഞാനും പാകിയിരുന്നു . തിരിച്ചറിവിന്റെ സമയം വന്നപ്പോ ന്യായീകരണങ്ങളില്ലാത്ത കാരണങ്ങൾ കണ്ടെത്തി തിരിച്ചു നടന്നത് ഞാൻ തന്നെയാണ് . നിന്നെ ഒരു തീരാ വേദനിയിലേക്ക് തള്ളിയിടാൻ എനിക്ക് കഴിയുമായിരുന്നില്ല പാറു ..

നാളുകൾക്കിപ്പുറം നിന്റെ ശബ്ധം കേൾക്കാൻ കൊതി തോന്നിയത് എന്തിനു . കയ്യിലുള്ള അവസാന ദിർഹവും ഇന്നലെ തീർന്നിരുന്നു . തണലായ്‌ നിന്നിരുന്ന സൗഹൃദങ്ങൾ കാരണങ്ങൾ കണ്ടെത്തി അകന്നു പോയിരുന്നു .

ആരുടെയൊക്കെ മുഖത്തെ പുഞ്ചിരി മായരുതെന്നോർത്തു ഞാൻ നിന്നെ നഷ്ടപ്പെടുത്തിയോ അവരെല്ലാം ഇന്നലെ കണ്ണുനീരിൽ കുളിച്ചിരുന്നു.. ഈ നശിച്ച ഒറ്റപ്പെടലിൽ നിന്നൊരു മോചനം നിന്റെ കുഞ്ഞു ശബ്ദത്തിനും വാക്കുകൾക്കും തരാൻ കഴിയുമെന്നോർത്തു പോയി ഞാൻ .എന്നെ മനസ്സിലാക്കുന്ന ഒരാളുടെ സാമിപ്യം ശബ്ദമായെങ്കിലും ഇന്നലെ രാത്രി കൊതിച്ചു പോയി … എത്രയോ തവണ എന്നെ ഒറ്റപ്പെടലിന്റെ ആഴങ്ങളിൽ നിന്നും നീയെന്നെ രക്ഷച്ചിട്ടുണ്ട് .

ഓർമ്മകളെ ഓർമ്മകളെ എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ ഓർമ്മകളെ തിരിച്ചു വന്നെന്റെ കൂടെ നിൽക്കു ..ഞാൻ വീണുപോയാൽ തീർന്നു .പിടിച്ചു നിന്നെ കഴിയു എനിക്ക് ..

നിന്നെ തനിച്ചാക്കി പോയതിനുള്ള ശിക്ഷയായി വാക്കുകൾ കൊണ്ട് നീ മുറിവേൽപ്പിച്ചപ്പോൾ മരണത്തെ പോലും ഓർത്തെടുത്ത ഒരു നിസ്സഹായത ഉണ്ടായിരുന്നു എന്റെ അവസ്ഥക്ക് . ആരോ എഴുതിവെച്ച കഥക്ക് തിരശീലയിൽ ആടിക്കൊണ്ടിരിക്കുന്ന ഒരു കോമാളി മാത്രമാണ് ഞാനിന്നു . തളർന്നു പോവുന്നിടത്തു് നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു പറന്നിരുന്ന എന്നെ എനിക്ക് എവിടെയൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു .

എനിക്കൊന്നുറങ്ങണം പ്രിയപ്പെട്ടവരെ .. ഒരു അപ്പൂപ്പൻ താടിയുടെ ഭാരമില്ലായ്മ പോലെ, ജീവിതം ഏൽപ്പിച്ചു തന്ന ഭാണ്ഡക്കെട്ടുകൾ ഇറക്കിവെച്ചു സ്വസ്ഥമായൊരു ഉറക്കം .. അവസാനമായ മരണമെന്ന് നിങ്ങൾ അതിനെ വിളിക്കുമെങ്കിലും എനിക്കതൊരു തുടക്കമാണ് , എനിക്ക് നഷ്ടപ്പെട്ട എന്റെ ,എന്റെ കൗമാരത്തിന്റെ ,യവ്വനത്തിന്റെ , ആഗ്രഹങ്ങളുടെ ,സ്വപ്നങ്ങളുടെ പൂർണ്ണതയിലേക്കുള്ള തുടക്കം ..

ഉമ്പായിയുടെ ഗസലുകൾ ചെവികളിൽ ഇപ്പോഴും താളം സൃഷ്ടിക്കുന്നുണ്ട് .

വീണ്ടും പാടാം സഖീ നിനക്കായ്

വിരഹ ഗാനം ഞാൻ

ഒരു വിഷാദഗാനം ഞാൻ ….

നീലത്താമര വിടരും നിന്നുടെ

നീർമിഴി നിറയില്ലെങ്കിൽ ………

Leave a Reply

Your email address will not be published. Required fields are marked *