18 വയസ്സുകാരിയെ പെണ്‍വാണിഭ സംഘത്തിന് വില്‍ക്കാന്‍ ശ്രമിച്ച മോഡലുകള്‍ പിടിയില്‍

റഷ്യ: 18 വയസ്സുകാരിയെ പെണ്‍വാണിഭ സംഘത്തിന് വില്‍ക്കാന്‍ ശ്രമിച്ച മോഡലുകള്‍ പിടിയില്‍. പ്രശസ്ത മോഡലുകളായ സെനിയ സ്റ്ററിക്കോവ, ടറ്റിയാന പെട്രോവ എന്നിവരെയാണ് മോസ്‌കോ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. 18കാരിയായ പെണ്‍കുട്ടിയെ ഗള്‍ഫിലേയ്ക്ക് കയറ്റി അയക്കാനായിരുന്നു ശ്രമം. ആയയുടെ ജോലി നല്‍കാമെന്ന് പറഞ്ഞാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടിയെ വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.

ഇത്തരത്തിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ മോഡലുകള്‍ക്ക് ഉണ്ടെന്നു വിവരം ലഭിച്ച പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളിലൊരാള്‍ മിസ്സിസ് റഷ്യ 2017 അവസാന റൗണ്ട് വരെയെത്തിയിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരങ്ങളാണ് ഇരുവരും. മോഡലിങ് ഏജന്‍സി നടത്തുന്ന ഇവര്‍ ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മനുഷ്യകടത്ത് നടത്തിയിരുന്നത്. ആറു വര്‍ഷം വരെ തടവ് ഇവര്‍ക്ക് ലഭിക്കും.

റഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയതാണ് ഇരയായ പെണ്‍കുട്ടി. നല്ല ശമ്പളം ലഭിക്കും എന്നു പറഞ്ഞാണ് കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ 17 ലക്ഷം രൂപയ്ക്ക് പെണ്‍കുട്ടിയെ വന്‍ പെണ്‍വാണിഭ സംഘത്തിന് കൈമാറാനായിരുന്നു ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *